Tuesday 20 September 2016

നീർ - വരും തലമുറകൾക്കായി ജലം കരുതി വക്കാം

ജലത്തിന്‍റെ സ്വകാര്യവത്കരണത്തെയും ജലക്ഷാമത്തെയും പറ്റി ശക്തമായ ദൃശ്യാവിഷ്കാരമാണ് കാർത്തിക് നാഗരാജന്‍റെ നീർ എന്ന ഹ്രസ്വചിത്രം. ജലം നമ്മുടേത് മാത്രമല്ല, വരു തലമുറകൾക്കായി കരുതി വക്കേണ്ടതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ചിത്രം.


ജലം മനുഷ്യന്‍റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വത്താണ്. എന്നാൽ കമ്പോളയുക്തിക്കനുസരിച്ച് ജലത്തെ കച്ചവടച്ചരക്കാക്കാനുള്ള നീക്കങ്ങളാണ് അന്താരാഷ്ട്രതലത്തിൽ നടക്കുന്നത്. പലപ്പോഴും രാജ്യങ്ങളുടെ ജലനയങ്ങൾ തന്നെ തീരുമാനിക്കുന്നത് ജലമേഖലയിലെ ആഗോളക്കുത്തകകളാണ്. ഇതിന്‍റെ വിശദാംശങ്ങൾ മറ്റൊരിക്കൽ എഴുതാം.

നാം ഓർത്തിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.....

ഭൂമിയിൽ ജീവന്‍റെ നിൽനിൽപ്പിന് അടിസ്ഥാനം ജലമാണ്. ജലം ജീവനാണ്, എന്നാൽ ജലം മലിനമായാലോ ....... മലിനജലം ജീവനെടുക്കും. ജീവജലം മലിനമാക്കരുത്.

കുടിവെള്ളം തെളിഞ്ഞിരുന്നാൽ മാത്രം പോര, അതിൽ രോഗാണുക്കളോ ഹാനികരമായ രാസപദാർത്ഥങ്ങളഓ ഉണ്ടാകാൻ പാടില്ല. വയറുകടി, വയറിളക്കം, കോളറ, ടൈഫോയ്ഡ്, പിള്ളവാതം, മഞ്ഞപ്പിത്തം, കരൾവീക്കം തുടങ്ങി ഒട്ടേറെ രോഗങ്ങൾ മലിനജലത്തിലൂടെ പകരുന്നു. ഇത്തരം ജലജന്യരോഗങ്ങൾ കാരണം ഭൂമുഖത്ത് പ്രതിവർഷം 120 കോടി പേർ മരണമടയുന്നു. ഓരോ എട്ട് സെക്കന്‍റിലും ഒരു കുട്ടി ജലജന്യരോഗം കാരണം മരണമടയുന്നു. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.

കേരളത്തിൽ 70 ലക്ഷം കിണറുകളുണ്ട്. ഇതിൽ 70-ശതമാനം കിണറുകളിലെയും ജലം മലിനമാണ്. മനുഷ്യവിസർജ്യത്തിന്‍റെ അംശങ്ങൾ കിണർവെള്ളത്തിൽ കലരുന്നു. കിണറിലെ വെള്ളത്തിൽ കക്കൂസിൽ നിന്നുള്ള മാലിന്യം കലരുന്നതാണ് ഇതിന് കാരണം. അൽപ്പം ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാം.

കിണറും കക്കൂസ് കുഴിയും തമ്മിൽ കുറഞ്ഞത് 50 അടി, അഥവാ 15 മീറ്റർ എങ്കിലും അകലമുണ്ടാകണം. കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്കിൽ സംസ്കരിക്കണം. കുഴിക്കക്കൂസും ഇരട്ടക്കുഴി കക്കൂസും ഭൂഗർഭജലം മലിനമാക്കും. കിണറിലേയ്ക്ക് മാലിന്യങ്ങൾ ഒഴുകിയിറങ്ങുന്നത് തടയാൻ കിണറിന് ആൾഭിത്തി, ചുറ്റും പ്ലാറ്റ്ഫോം എന്നിവ നിർമ്മിക്കുക. വീട്ടിലെ മലിനജലം കിണറിനടുത്തെത്താതെ തിരിച്ചുവിടുക. കിണർ എപ്പോഴും മൂടിയിടുക. കിണറിന്‍റെ അകവശം പ്ലാസ്റ്റർ ചെയ്യുക. വർഷത്തിലൊരിക്കലെങ്കിലും കിണറിലെ വെള്ളം ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുക. എല്ലാ ജില്ലകളിലും വാട്ടർ അതോറിറ്റിയുടെ ലാബുകളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും ഇതിനുള്ള സൗകര്യമുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

ഓർക്കുക, ഓടകളും കുളങ്ങളും തോടുകളും ആറുകളും പൊതുസ്ഥലങ്ങളും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളല്ല. നമ്മുടെ മുറ്റത്തു നിന്ന് മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് വലിച്ചെറിയുന്നത് ഒന്നിനും പരിഹാരമല്ല. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് ജലസ്രോതസ്സുകളിൽ എത്തിച്ചേരും. പിന്നീട് കുടിവെള്ളത്തിലൂടെ നമ്മുടെയും മറ്റുള്ളവരുടെയും മാലിന്യങ്ങൾ നമ്മിലേയ്ക്ക് തന്നെ തിരിച്ചെത്തും.

നമ്മുടെ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് നമ്മൾ തന്നെയാണ്. കഴിയുന്നതും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, നമ്മുടെ ജലസ്രോതസ്സുകൾ മലിനമാകാതിരിക്കാൻ ഇത് അനിവാര്യമാണ്. മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുന‍ർനിർമ്മിക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം. ജലാശയങ്ങൾ പരിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

പലയിടത്തും കക്കൂസ് മാലിന്യം ആറുകളിലേയ്ക്കും പുഴകളിലേയ്ക്കും തുറന്നുവിടുന്നത് സ്ഥിരം കാഴ്ചയാണ്. ചാലക്കുടി, പെരിയാർ, മൂവാറ്റുപുഴയാർ, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽ അമിതമായ തോതിൽ ബാക്റ്റീരിയ മാലിന്യമുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മറ്റ് നദികളിലും സ്ഥിതി വ്യത്യസ്തമല്ല. പെരിയാറിലും ചാലിയാറിലും വ്യാവസായികമാലിന്യങ്ങൾ തള്ളുന്നത് രൂക്ഷമായ പരിസ്ഥിതി പ്രശ്നമാണ് സൃഷ്ടിച്ചിട്ടുള്ളത്.

വേനൽക്കാലത്ത് കടലിൽ നിന്നുള്ള ഉപ്പുവെള്ളം നദികളിലേയ്ക്ക് കയറുകയും വെള്ളം കുടിക്കാൻ പറ്റാതാവുകയും ചെയ്യുന്നു. മണൽ വാരൽ ഉൾപ്പെടെ നദിയെ കൊല്ലുന്ന മനുഷ്യന്‍റെ പ്രവൃത്തികൾ തന്നെയാണ് ഈ ദുഃസ്ഥിതിക്ക് കാരണം.

ലാഭം മാത്രം ലക്ഷ്യമാക്കി പ്രവ‍ർത്തിക്കുന്ന വ്യവസായങ്ങളുടെ പാരിസ്ഥിതിക അവബോധമില്ലാത്ത പ്രവൃത്തികൾ നമ്മുടെ കുടിവെള്ളം മുട്ടിക്കുന്ന അനുഭവങ്ങൾ നമുക്ക് അന്യമല്ല. പ്ലാച്ചിമടയും എൻഡോസൾഫാനും നമ്മൾ മറക്കാൻ സമയമായിട്ടില്ല.








No comments: