Monday 1 August 2016

ഈ വെള്ളം കുടിക്കാമോ? - I

Source: http://www.pixelstalk.net/water-pictures-free-download

ജലം ജീവന്‍റെ അടിസ്ഥാനമാണ്. മനുഷ്യനു മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ജലം കൂടിയേ തീരൂ. എന്നാല്‍ കുടിക്കുന്ന വെള്ളം ദാഹമകറ്റുന്നതിനു പകരം രോഗം പരത്തിയാലോ? അങ്ങനെയും സംഭവിക്കാം. കോളറ പോലുള്ള ജലജന്യരോഗങ്ങള്‍ പലപ്പോഴും മാരകമായിത്തീരാറുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം.

Source: www.commons.wikimedia.org
ജലത്തിന് ഒരു പ്രത്യേകതയുണ്ട്. പ്രകൃതിയില്‍ കാണപ്പെടുന്നതും മനുഷ്യനിര്‍മ്മിതവുമായ ധാരാളം പദാര്‍ത്ഥങ്ങളെ ലയിപ്പിക്കാനുള്ള കഴിവ് അതിനുണ്ട്. അതിനാല്‍ തന്നെ ശുദ്ധമായ ജലം നമുക്ക് പ്രകൃതിയില്‍ നിന്ന് കിട്ടില്ല. മഴവെള്ളം മാത്രമാണ് ശുദ്ധമെന്ന് പറയാവുന്നത്. കുടിവെള്ളത്തിന് സുഖകരമായ രുചി നല്‍കുന്നത് അതില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന രാസപദാര്‍ത്ഥങ്ങളും മിനറലുകളുമാണ്. ഇവയില്‍ പലതും ശരീരത്തിന് ആവശ്യമുള്ളവയുമാണ്. എന്നാല്‍ ഇത്തരത്തില്‍ ഗുണകരമായ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം തന്നെ ദോഷകരമായവയും ജലത്തില്‍ ഉണ്ടാകും.

കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് മൂന്ന് തരം ഘടകങ്ങളുടെ അടിസഥാനത്തിലാണ്. ഭൗതികവും രാസീയവും ജൈവപരവുമായ ഗുണനിലവാരമാണവ. ഓരോ ഘടകങ്ങളും പരമാവധി എത്ര അളവില്‍ കുടിവെള്ളത്തില്‍ അനുവദനീയമാണ് എന്നത് സംബന്ധിച്ച് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിലും സ്റ്റാന്‍ഡേഡുകള്‍ നിലവിലുണ്ട്. 


ഭൗതികഗുണങ്ങള്‍


കുടിവെള്ളത്തിന് നിറമോ മണമോ അരുചിയോ ഉണ്ടാകാന്‍ പാടില്ല. കലങ്ങിയ വെള്ളവും ഉപയോഗയോഗ്യമല്ല.


രാസഗുണങ്ങള്‍

ജലത്തിന്‍റെ പ്രധാന രാസഗുണനിലവാരപ്രശ്നങ്ങള്‍ താഴെ പറയുന്നു.
  • പി. എച്ച് മൂല്യം
  • അലിഞ്ഞു ചേര്‍ന്നിട്ടുള്ള പദാര്‍ത്ഥങ്ങളുടെ അളവ് (ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്സ്)
  • ക്ലോറൈഡ്
  • ഇരുമ്പിന്‍റെ അംശം
  • ഫ്ലൂറൈഡ്
  • നൈട്രേറ്റ്

ജൈവഗുണങ്ങള്‍

ഭൗതിക, രാസഗുണങ്ങള്‍ക്കൊപ്പമോ അവയെക്കാള്‍ കൂടുതലായോ പരിഗണിക്കപ്പെടേണ്ട ഘടകമാണിത്. രോഗം പരത്തുന്ന ബാക്ടീരിയകളോ മറ്റ് സൂക്ഷ്മജീവികളോ കുടിവെള്ളത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇ-കോളി എന്ന ബാക്ടീരിയയുടെ അളവ് പരിശോധിച്ചാണ് ജലത്തിന്‍റെ ജൈവഗുണനിലവാരം നിര്‍ണ്ണയിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും പരിശോധിക്കേണ്ടി വരാം.

ഇ-കോളി മനുഷ്യരുടെ കുടലില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരിയയാണ്. ജലത്തില്‍ ഇതിന്‍റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ മനുഷ്യവിസര്‍ജ്യം ജലത്തില്‍ കലര്‍ന്നിട്ടുണ്ടെന്നാണ് അര്‍ത്ഥം. ഇത് വളരെ അപകടകരമാണ്. ജലജന്യരോഗങ്ങള്‍ പടരാന്‍ ഇത് കാരണമാകും. കേരളത്തില്‍ ഇത് വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തെ ഭൂരിഭാഗം കിണറുകളിലും ഇ-കോളിയുടെ സാന്നിദ്ധ്യമുള്ളതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അശാസ്ത്രീയമായ കക്കൂസ് നിര്‍മ്മിക്കുന്നതും കിണറും കക്കൂസും അടുത്തടുത്ത് നിര്‍മ്മിക്കുന്നതുമാണ് ഈ പ്രശ്നത്തിന്‍റെ പ്രധാന കാരണങ്ങള്‍.

ഇവയുടെ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കാം.


4 comments:

Unknown said...

ഓർത്തിരിക്കേണ്ട അറിവുകൾ പ്രദാനം ചെയ്യുന്ന കുറിപ്പുകൾ.
നന്ദി.

Unknown said...

Your blog posting about 'drinking water'is informative and useful.

Advocate Ayoobkhan

Unknown said...
This comment has been removed by the author.
Unknown said...

Thanks for the comments