Tuesday 30 August 2016

2053ല്‍ ലോകജനസംഖ്യ 1000 കോടിയാകും


2053 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടിയാകും. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ റഫറൻസ് ബ്യൂറോ പ്രസിദ്ധീകരിച്ച വേൾഡ് പോപ്പുലേഷൻ ഡേറ്റ 2016 എന്ന പഠനത്തിലാണ്  ഈ പ്രവചനം. 37 വർഷം കൊണ്ട് ജനസംഖ്യ 35 ശതമാനത്തോളം വർദ്ധിക്കും. എന്നാൽ ജനസംഖ്യാവളർച്ചയുടെ നിരക്ക് എല്ലായിടത്തും ഒരുപോലെയാകില്ല. യൂറോപ്പിലെ ജനസംഖ്യ ഇന്നത്തേതിലും കുറയും. അതേസമയം ആഫ്രിക്കയിലെ ജനസംഖ്യ ഇന്നത്തേതിന്റെ ഇരട്ടിയാകും.


ലോകജനസംഖ്യ

740 കോടി ജനങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഇതിൽ 125.4 കോടി പേർ വികസിതരാജ്യങ്ങളിലാണ്. 96.2 കോടി പേർ ഏറ്റവും അവികസിതമെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയിട്ടുള്ള 48 രാജ്യങ്ങളിലും.
ചിത്രം 1
137.8 കോടി ജനസംഖ്യയുള്ള ചൈനയാണ് ഏറ്റവും മുന്നിൽ. 132.9 കോടി ജനസംഖ്യയുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ ജനസംഖ്യ 32.4 കോടി മാത്രമാണ്. ഇത് തമ്മിലുള്ള താരതമ്യം ചിത്രം 1ൽ നൽകിയരിക്കുന്നത് ശ്രദ്ധിക്കുക.
ലോകജനസംഖ്യയുടെ പകുതിയും ആറ് രാജ്യങ്ങളിലാണ് - ചൈന, ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ. ബ്രസീൽ, പാകിസ്ഥാൻ (ചിത്രം 2).

ഏഷ്യൻ വൻകരയിലാണ് ഏറ്റവുമധികം ജനങ്ങളുള്ളത് - 444 കോടി. ഏറ്റവും കുറവ് ആസേട്രേലിയയിലും - 4 കോടി.
ചിത്രം 2
ആഫ്രിക്കയിൽ 120 കോടി, യൂറോപ്പിൽ 74 കോടി, തെക്കേ അമേരിക്കയിൽ 64 കോടി, വടക്കേ അമേരിക്കയിൽ 36 കോടി ഇങ്ങനെയാണ് മറ്റ് വൻകരകളുടെ അവസ്ഥ (ചിത്രം 3).

കൗതുകകരമായ പല വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഓരോ മിനിട്ടിലും 280 കുഞ്ഞുങ്ങൾ ജനിക്കുന്നു. അതേസമയം ഓരോ മിനിട്ടിലും 109 മരണങ്ങളും നടക്കുന്നു. അതായത് ഓരോ മിനിട്ടിലും 171 പേർ ലോകജനസംഖ്യയോട് കൂട്ടിച്ചേർക്കപ്പെടുന്നു.
ചിത്രം 3
ആയിരത്തിന് 20 എന്നതാണ് ആഗോള ജനനനിരക്ക്. മരണനിരക്ക് ആയിരത്തിന് എട്ടും. ജനനനിരക്കിന്റെ കാര്യത്തില് വലിയ അന്തരമാണ് വികസിതവും അവികസിതവുമായ രാജ്യങ്ങൾ തമ്മിലുള്ളത്.
വികസിതരാജ്യങ്ങളിൽ ജനനനിരക്ക് 11 ആണെങ്കിൽ ഏറ്റവും അവികസിതമായ രാജ്യങ്ങളിൽ ഇത് 33 ആണ്. ലോകജനസംഖ്യ സംബന്ധിച്ച ചില പ്രധാന വിവരങ്ങള് പട്ടിക-1ൽ കൊടുത്തിരിക്കുന്നു.

പട്ടിക 1 
ലോകജനസംഖ്യ - പ്രധാന വിവരങ്ങൾ 


ആഗോള ശരാശരി
വികസിത രാജ്യങ്ങള്
വികസ്വര രാജ്യങ്ങള്
അവികസിത രാജ്യങ്ങള്
ജനസംഖ്യ
(കോടി)
741
125
520
96
ജനന നിരക്ക് (ആയിരത്തില്)
20
11
22
33
മരണ നിരക്ക്
(ആയിരത്തില്)
8
10
7
9
ശിശുമരണ നിരക്ക് (1000 ജനനത്തിന്)
36
5
39
59
ജീവിതദൈര്ഖ്യം
പുരുഷന്
സ്ത്രീ

70
74

76
82

68
72

61
64
പ്രസവസമയത്തെ മരണം (ലക്ഷം ജനനത്തിന്)
216
12
239
437
വീട്ടില് വൈദ്യുതി ളഭിക്കുന്നവര് (ശതമാനം)
85
100
81
34

ജനസംഖ്യയുടെ വളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കൻ രാജ്യമായ നൈജറിലാണ് - ആയിരത്തിന് 7.6.  ഏറ്റവും കുറവ് ദക്ഷിണകൊറിയ, റുമേനിയ, സിംഗപ്പൂർ, തായ്‌വാൻ എന്നീ രാജ്യങ്ങളിലും - ആയിരത്തിന് 1.2.  ശിശുമരണനിരക്ക് (1 വയസ്സിന് മുമ്പ് മരണമടയുന്ന ശിശുക്കളുടെ എണ്ണം) 1000 ൽ  36 ആണ്. ലോകജനസംഖ്യയുടെ 26ശതമാനം പേർ 15 വയസിന് താഴെയുള്ളവരാണ്. 8 ശതമാനം പേർ 65 വയസിന് മുകളിലുള്ളവരും.

ഇന്ത്യയും ചൈനയും

ആകെ ലോകജനസംഖ്യയുടെ 36 ശതമാനം ഇന്ത്യയിലും ചൈനയിലുമായാണ് വസിക്കുന്നത്. യഥാക്രമം 133 കോടിയും 137 കോടിയുമാണ് ഈ രാജ്യങ്ങളിലെ ജനസംഖ്യ.

2022 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളുടെയും ജനസംഖ്യ തുല്യമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയുടെ ജനസംഖ്യ തുടര്ന്നും വര്ദ്ധിച്ചുകൊണ്ടിരിക്കും. ചൈനയുടേത് പിന്നീടൊരു പത്ത് വര്ഷം സ്ഥിരമായി നില്ക്കുകയും പിന്നീട് കുറയുകയും ചെയ്യും. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ 170 കോടിയും ചൈനയുടേത് 134 കോടിയുമായിരിക്കുമെന്നും റിപ്പോര്ട്ട് പറയുന്നു.

അവികസിത രാജ്യങ്ങൾ 

ജനസംഖ്യാ വളർച്ചയും സാമ്പത്തിക-സാമൂഹിക അവസ്ഥയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയുള്ള തെളിവുകളും റിപ്പോർട്ടില്‍ നിന്ന് ലഭിക്കും. ഇതിന് ഏറ്റവും അവികസിതം (Least developed) എന്ന് ഐക്യരാഷ്ട്രസഭ വ‍ർഗ്ഗീകരിച്ചിട്ടുള്ള 48 രാജ്യങ്ങളുടെ അവസ്ഥ പരിഗണിച്ചാല് മതി.

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യു.എൻ. ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (UNDP) വർഷം തോറും മനുഷ്യവികസന സൂചിക (Human Development Index) പ്രസിദ്ധീകരിക്കാറുണ്ട്. ശരാശരി ജീവിതദൈർഘ്യം, വിദ്യാഭ്യാസനിലവാരം, ആളോഹരി വരുമാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കുന്നത്. ഏറ്റവും കുറഞ്ഞ മനുഷ്യവികസന സൂചികയുള്ള രാജ്യങ്ങളാണ് ഏറ്റവും അവികസിതമായ രാജ്യങ്ങളെന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്.

ഈ രാജ്യങ്ങളിലെ ആകെ ജനസംഖ്യ 2050 ആകുമ്പോഴേക്കും ഇന്നത്തേതിന്‍റെ ഇരട്ടിയാകും - 190 കോടി. ഇവയില് ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളാണ്. ഏറ്റവും കൂടുതൽ ജനസംഖ്യാ വര്‍ദ്ധനയുള്ള നൈജറിന് മറ്റൊരു പ്രത്യേകതയുണ്ട്. അവിടെ ആകെ ജനസംഖ്യയുടെ പകുതിയും 15 വയസിൽ താഴെയുള്ളവരാണ്. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ മാനവ വികസന റിപ്പോർട്ടിൽ ഏറ്റവും താഴെയാണ് നൈജറിന്‍റെ സ്ഥാനം.

No comments: