Tuesday 23 August 2016

ഭൂമിയിൽ എത്ര വെള്ളമു­ണ്ട്?


ബ്ലൂ മാർബിൾ  എന്ന പ്രശസ്തമായ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നീലനിറത്തിൽ കാണുന്നത് ജലമാണ്. ഭൗമോപരിതലത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ജലത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ ഈ ജലത്തിന്റെ എത്ര ഭാഗമാണ് നമുക്ക് ഉപയോഗിക്കാൻ കഴിയുക? കടലിലെ ഉപ്പുവെള്ളം കുടിക്കാനാകില്ലല്ലോ. പിന്നെ ഏതെല്ലാം രൂപത്തിൽ ജലം കാണപ്പെടുന്നു എന്ന് നോക്കൂ - ധ്രുവപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലുമുള്ള മഞ്ഞ്പാളികളായി, അന്തരീക്ഷത്തിലെ ഈർപ്പമായി, മണ്ണിലെ ജലാംശമായി, ജീവികളുടെ ശരീരകോശങ്ങളിലെ ജലതന്മാത്രകളായി, നദികളായി, തടാകങ്ങളായി....... ഇത് സംബന്ധിച്ച ചില കണക്കുകള് പരിശോധിക്കാം.


ചില കണക്കുകൾ 


ഈ ഭൂഗോളത്തിൽ ആകെ എത്ര ജലമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട് – ഏകദേശം 139 കോടി ഘനകിലോമീറ്റർ. ഇനി ഇതേപ്പറ്റി രസകരമായ  ചില വിവരങ്ങൾ.

ആകെയുള്ള ജലം ഒരുമിച്ച് ചേർന്ന് ഒരൊറ്റ വെള്ളത്തുള്ളിയായി മാറിയെന്ന് സങ്കല്പ്പിക്കുക – ഭീമാകാരമായ ഒരു ജലഗോളം. അതിന്റെ വ്യാസം എത്രയുണ്ടാകുമെന്നറിയാമോ. ഏതാണ്ട് 840 കി.മീ. ഈ ഗോളമെടുത്ത് ഭൂഗോളത്തിനു മുകളിൽ വച്ചാലോ. ചിത്രം 1 നോക്കൂ. യു.എസ്. ജിയോളജിക്കൽ സർവേ ആണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത് (www.water.usgs.gov).

ചിത്രം 
ഇനി ഈ ജലമാകെ ഭൂമിയുടെ ഉപരിതലത്തിൽ ഒരേ പൊക്കത്തിൽ വ്യാപിക്കുകയാണെന്ന് കരുതുക. അങ്ങനെയെങ്കിൽ അതിന് 2.7മീ. ഉയരമുണ്ടാകും. ഏതാണ്ട് ഒരുനിലക്കെട്ടിടത്തിന്റെ ഉയരം.

ഉപ്പുവെള്ളവും ശുദ്ധജലവും

ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ ഭൂരിഭാഗവും നമുക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ആകെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. ചിത്രം 2 കാണുക.

ചിത്രം 2 
ബാക്കിയുള്ള 2.5 ശതമാനം ജലമാണ് ശുദ്ധജലം, അതായത് ഉപ്പുരസമില്ലാത്ത ജലം.

ശുദ്ധജലത്തിന്റെ വിതരണം

ഭൂമിയിലെ ശുദ്ധജലം പല രൂപത്തിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.  ചിത്രം 3ല് കാണുക. ശുദ്ധജലത്തിന്റെ ഭൂരിഭാഗവും മഞ്ഞിന്റെ രൂപത്തിലാണ് – ധ്രുവപ്രദേശങ്ങളിലും പർവതങ്ങളിലും. 30 ശതമാനത്തോളം ഭൂഗർഭജലമാണ്. ഇതിന്റെ നല്ലൊരു ഭാഗം ഉപയോഗയോഗ്യമാണ്. വളരെ ചെറിയ ഒരു ഭാഗമാണ് നദികളിലും തടാകങ്ങളിലുമുള്ളത്. ഇത് രണ്ടുമാണ് നമുക്ക് ഉപയോഗിക്കാന് കഴിയുക. ഇതാകട്ടെ, ആകെ ശുദ്ധജലത്തിന്റെ 30.4 ശതമാനമാണ്. ആകെ ജലത്തിന്റെ 0.8 ശതമാനവും.

ചിത്രം 3 

അമ്പരപ്പിക്കുന്ന കണക്കുകൾ 

മേൽപറഞ്ഞ കണക്കുകൾ കാണുമ്പോൾ ഉപയോഗയോഗ്യമായ ജലം കുറച്ചല്ലേയുള്ളൂ എന്ന് തോന്നാം. ആകെ ജലത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ശരിയാണ്. എന്നാൽ ലഭ്യമായ ജലത്തിന്റെ യഥാർത്ഥ അളവ് പരിശോധിച്ചാലോ.

ആകെ ജലം 139 കോടി ഘനകിലോമീറ്റർ ആണെന്ന് നാം കണ്ടു. ഇതിന്റെ 0.8 ശതമാനമാണല്ലോ ഉപയോഗിക്കാൻ കഴിയുന്നത്. ഇത് കണക്കാക്കിയാല് 1,06,23,120 ഘന കി.മീ. വരും. അതായത് 1037ലിറ്റർ (ഒന്നിനു ശേഷം 37 പൂജ്യം ഇടുമ്പോൾ കിട്ടുന്ന സംഖ്യ). ഭൂമിയിൽ ആകെയുള്ള 700 കോടി ജനങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും ആവശ്യമായതിലും എത്രയോ അധികമാണിത്.

അതായത് നമ്മുടെ ഈ ഭൂമിയിൽ സർവ്വചരാചങ്ങൾക്കും ആവശ്യമായ ജലമുണ്ട്. നാം അത് വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് മാത്രം.

അധികവായനക്ക്







No comments: